Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, May 17, 2020

കാർത്തിക ഞാറ്റുവേലകാലത്ത് കാർഷിക വിപ്ലവം

കാർത്തിക ഞാറ്റുവേല 

മേടം 28 മുതൽ ഇടവം 10 (മെയ് 11 മുതൽ മെയ് 24) വരെയാണ് കാർത്തിക ഞാറ്റുവേല.
കൃഷി മലയാളത്തെ അടയാളപ്പെടുത്തുന്ന ഞാറ്റുവേലയാണിത്.
സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നമ്മുടെ നേരെ മുകളിൽ , നല്ല ശക്തമായ വെയിൽ ഇടയ്ക്ക് വേനൽ മഴ ലഭിക്കുന്ന സമയം.

ഈ കാർത്തിക ഞാറ്റുവേലകാലത്ത്‌ നമ്മുടെ നാട്ടിൽ വലിയൊരു കാർഷിക വിപ്ലവം നമുക്ക് സൃഷ്ടിക്കാം......
 നമുക്കൊരുങ്ങാം നമുക്കായി

🌱🌱🌱🌱🌱🌱🌱🌱

മഞ്ഞൾ
ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാൻ ഏറ്റവും പറ്റിയ സമയം. തറനിരപ്പിൽ നിന്ന് 15-20 സെൻറീമീറ്റർ ഉയരത്തിൽ വാരം എടുത്തു കുമ്മായം ചേർത്ത് തയ്യാറാക്കിയ സ്ഥലത്ത് 10 സെൻറീമീറ്റർ അകലത്തിൽ മഞ്ഞൾ തള്ളചെടിയിൽ നിന്നും അടർത്തിയെടുത്തത് നടുക. ശേഷം പുതയിടണം.

ഇഞ്ചി
"കാർത്തിക്കാലിൽ കാനൽപ്പാടിൽ കാലടി അകലത്തിൽ കാശോളം നട്ട് കരിമ്പടം പുതച്ച്
കാഞ്ഞിരത്തോലിട്ട് മൂടിയാൽ ഇഞ്ചിക്കൃഷിയായി"
കാർത്തിക ഞാറ്റുവേലയുടെ തുടക്കത്തിൽ (ആദ്യപാദത്തിൽ -കാർത്തികക്കാലിൽ) അധികം വെയിലുതട്ടാത്തിടത്ത് (കാനൽപാട്) കാലടി അകലത്തിൽ ചെറിയ കഷണങ്ങളാക്കി നടണം. വിത്ത് കുറേശ്ശെ മതി(കാശോളം നട്ട്). ചെറുതായി മണ്ണിട്ട് അതിനു മീതെ പച്ചച്ചാണകം വിരിക്കണം(കരിമ്പടം പുതച്ച്). ശേഷം
കാഞ്ഞിരത്തോലു കൊണ്ട്  പുതയിടണം.

 കാഞ്ഞിരത്തിന് തണുപ്പ് കൂടുതലാണ്.കൈവെള്ള ചൂടായാൽ അത് നേരിട്ട് തലച്ചോറിനെ ബാധിക്കും. ഇത് അറിയാവുന്നതിനാലാണ് പൂർവികർ തൂമ്പ, കൈക്കോട്ട്, കോടാലി തുടങ്ങിയവയുടെ പിടികളും നിലം തല്ലിയും ഉണ്ടാക്കാൻ കാഞ്ഞിരക്കാൽ ഉപയോഗിച്ചുവന്നത്.പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ കൈവെള്ളയിൽ ചൂട് അറിയില്ല.തണുപ്പാണുണ്ടാവുക ഇക്കാലത്ത് പെട്ടെന്ന് ചൂടാവുന്ന സ്റ്റീൽ പിടികളാണ്
പല ഉപകരണങ്ങൾക്കും നാം ഉപയോഗിക്കുന്നത്.

ഇഞ്ചിക്ക് തണുപ്പിനും
കീടബാധയേൽക്കാതിരിക്കാനും  കാഞ്ഞിരത്തോല്
സഹായിക്കുന്നു.

"മാവിൻചുവട്ടിൽ മഞ്ഞൾ
പ്ലാവിൻ ചുവട്ടിൽ ഇഞ്ചി"

 അൽപം ചോലച്ചുവട്ടിലായാലും കുഴപ്പമില്ലാതെ വളരുന്ന വിളകളാണ് മഞ്ഞളും ഇഞ്ചിയും. പ്ലാവില ഇഞ്ചിക്ക് വളവുമാണ്.

കൂവ.
കാത്സ്യം സമ്പന്നമായ ഒരു കിഴങ്ങ് വിളയാണ് കൂവ. പല നിറത്തിലുള്ളവ ഉണ്ട്. വെള്ളക്കൂവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇത് ഇടിച്ചു പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പൊടി (നൂറ്)കുട്ടികൾക്ക് ഒരു നല്ല പോഷകാഹാരമാണ്. കിഴങ്ങ് പച്ചയ്ക്കും പുഴുങ്ങിയും കഴിക്കാം. ഇക്കാലത്ത് ഇതിന്റെ കൃഷി വളരെ കുറവാണ്. 15-20 സെ.മീ. ഉയരത്തിൽ വാരമെടുത്ത് അടിവളം ചേർത്ത് 30സെ.മീ അകലത്തിൽ കിഴങ്ങുകൾ നടുക. പുതയിടുക.

മാങ്ങയിഞ്ചി.
അധികം പരിചരണം ആവശ്യമില്ലാത്ത ഒരു കിഴങ്ങുവിളയാണിത്. കൃഷി രീതി മഞ്ഞളിന്റേത് പോലെത്തന്നെ. അച്ചാർ, ചമ്മന്തി,മോര് കാച്ചൽ എന്നിവയ്ക്ക് അത്യുത്തമം.

പച്ചക്കറികൾ.
പച്ചക്കറി കൃഷിക്ക് കുറച്ചു തുറന്ന സ്ഥലം ആവശ്യമാണ്. സ്ഥലമില്ലാത്തവർ മട്ടുപ്പാവ് ഗ്രോബാഗ് കൃഷിയെ ആശ്രയിക്കേണ്ടി വരും.
കക്കരി, പാവൽ, പടവലം എന്നിവയ്ക്ക് പന്തലിടാനുള്ള സൗകര്യം ഉണ്ടാവണം. കോവൽ വേലിക്കരികിലാകാം. കുമ്പളം, ചുരക്ക എന്നിവ മരങ്ങളിളോ ചൂടിക്കയറിലൊ കയറ്റാം. മത്തൻ മണ്ണിൽ പടർന്നോളും.

വഴുതിന :
വഴുതിന ചെടി നഴ്സറിയിൽ നിന്നും മണ്ണിലേക്ക് മാറ്റി നടാൻ പറ്റിയ സമയമാണ്  . മുക്കാൽ മീറ്റർ അകലത്തിൽ 
കുഴി കുത്തി അടിവളം ചേർത്ത് നടണം. നട്ടു കഴിഞ്ഞാൽ ഒരാഴ്ച വരെ  ചെടികൾക്ക് പുത കുത്തി കൊടുക്കണം.

"വഴുതിന കാർത്തികയിൽ നട്ട് കയിലുകൊണ്ട് കോരി നനക്കുക "

നല്ല വേനൽ ആയതിനാൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാവും. എങ്ങനെയെങ്കിലും കുറേശ്ശെ വെള്ളം നനച്ച് ചെടികളെ സംരക്ഷിക്കണം. വേര് പിടിച്ചുകഴിഞ്ഞാൽ കാലവർഷം
പിറക്കുന്ന മുറക്ക് ചെടി തഴച്ചു വളരാൻ തുടങ്ങും.

പച്ചമുളക്
പച്ചമുളകും ഇതേ കാലത്ത് മാറ്റി നടാം.
 അകലം അരമീറ്റർ മതിയാവും. മുളകും വഴുതനയും അടുത്തടുത്ത് നടാതിരിക്കുന്നതാണ് നല്ലത്.

വെണ്ട, കക്കിരി എന്നിവയും ഇപ്പോൾ നടാവുന്നതാണ് മഴ കൂടുന്നതു വരെ നനച്ചു കൊടുക്കേണ്ടിവരും. ഇഴവള്ളികളായ കുമ്പളം, കോവൽ, പീച്ചിൽ, ചുരക്ക എന്നിവയും ഇതുപോലെ നടാം. നനച്ച് സംരക്ഷിക്കുക. വേനൽക്കാലത്ത് നട്ടുവളർത്തുന്ന ചെടികൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. മഴക്കാലത്ത് ഇവ നന്നായി വളരുകയും ചെയ്യും. മഴ തുടങ്ങുന്ന സമയത്ത് നട്ടാൽ മുളച്ചു വരുമെങ്കിലും ശക്തമായ മഴയിൽ മുരടിച്ചു നിൽക്കുകയാണ് ചെയ്യുക. പിന്നെ മഴയുടെ ശക്തി കുറയുമ്പോൾ മാത്രമേ അവ വളർന്നു വരികയുള്ളൂ.

പച്ചക്കറികളുടെ വിത്ത് 12 മണിക്കൂർ പച്ച വെള്ളത്തിൽ മുക്കി വച്ച ശേഷം പാകിയാൽ പെട്ടെന്ന് മുള പൊട്ടും.
വിത്തു ചെടിയിൽ ഉണ്ടാകുന്ന ആദ്യത്തെയും അവസാനത്തെയും കായകൾ ഒഴിവാക്കി വേണം വിത്തിനുള്ള കായ് എടുക്കാൻ.
ഇടയിൽ കായ്ക്കുന്ന ആരോഗ്യമുള്ള ഒന്നോ രണ്ടോ കായകൾ ഇതിനായി മാറ്റി നിർത്തണം. നന്നായി ഉണങ്ങുന്നതു വരെ കാത്തിരിക്കണം.
അതാത് മണ്ണിൽ അതാത് സീസണിൽ വിളഞ്ഞ വിത്താണ് ഏറ്റവും അനുയോജ്യം. മഴക്കാല കൃഷി യുടെ വിത്ത്
അടുത്ത മഴക്കാല കൃഷിയിലേക്കും വേനൽക്കാല കൃഷിയിൽനിന്ന് എടുത്ത വിത്ത് അടുത്ത വേനൽ കൃഷിയിലേക്കും സൂക്ഷിക്കുക
ഒരു വർഷം സൂക്ഷിക്കാൻ ആവില്ല എന്ന് തോന്നുന്ന പക്ഷം തുടർച്ചയായി കൃഷി ചെയ്യുന്ന രീതിയും പ്രയോഗിക്കാം.

 ഉദാഹരണമായി ഒരു വെണ്ട ചെടിയിൽ 10 കായകൾ ഉണ്ടാകുന്നു എന്ന് വെക്കുക മൂന്നാമത്തേത് മുതൽ
എട്ടാമത്തേതുവരെയുള്ള ഏതെങ്കിലും ഒന്നോ രണ്ടോ കായകൾ വിത്തിനായി വെക്കാം. ഉണക്കം തികഞ്ഞാൽ പറിച്ചെടുത്ത്   അൽപം പുക കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുക.
നടാൻ കാലമാകുമ്പോൾ കായ എടുത്തു
രണ്ടറ്റത്തു നിന്നും അല്പം ഭാഗം മുറിച്ചു നീക്കി നടു ഭാഗത്തുള്ള വിത്തുകൾ എടുക്കുക ഇതാണ്   ആരോഗ്യമുള്ള വിത്ത് എടുക്കുന്നതിനുള്ള രീതി. സാധാരണ ഉണങ്ങി ശുഷ്കിക്കാത്ത ജലമൃദ്ധമായ മത്തൻ, വെള്ളരി, പാവൽ, പടവലം, ഇളവൻ കുമ്പളം, തണ്ണിമത്തൻ എന്നിവ വിത്ത് പാകമായാൽ ഉപയോഗിക്കാൻ മുറിക്കുന്ന സമയത്ത് ഇത് പോലെ മധ്യഭാഗത്തെ വിത്തുകൾ എടുത്തു വൃത്തിയാക്കി ഉണക്കി ചാണകം പുരട്ടി സൂക്ഷിക്കുക.

ഇവിടെ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, ഘനജീവമൃതം, കമ്പോസ്റ്റ് ചെയ്ത ആട്ടിൻ കാട്ടമോ കോഴിവളമോ ഏതെങ്കിലും ഉപയോഗിക്കാം. അൽപം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് മണ്ണിൽ നിന്നുള്ള കീടബാധയെ തടയും.