ഒരു നിരന്തര പോരാട്ടത്തിന്റെ തുടക്കം .
2 ആഴ്ചകൾ മുന്പ് .
"ഇവിടെ മനോജി*നു വീടു വെക്കാൻ കല്ലു പൊട്ടിക്കുന്നതാ. പൊട്ടിച്ചപ്പോൾ കല്ല് കുറച്ചധികം വന്നു.അത് ആവശ്യക്കാർക്ക് പുറത്ത് കൊടുക്കുന്നതാ. അല്ലാതെ ക്വാറി ഒന്നുമല്ല "
നാലഞ്ചു വെടി ശബ്ദം കേട്ടും പിന്നീട് പാറ തുരക്കുന്ന കറ കര ശബ്ദം നിരന്തരമായി കേട്ടും മടുത്തപ്പോൾ ഈ സൈറ്റിനു തൊട്ടടുത്തു താമസിക്കുന്ന വീട്ടുകാരോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ്.
ഈ സ്ഥലത്തെ ഗ്രാമപഞ്ചായത്തു മെമ്പറോട് അന്വേഷിച്ചപ്പോൾ "ക്വാറിക്ക് പഞ്ചായത്ത് അനുമതിയില്ല . വീട് നിർമിക്കാൻ വേണ്ടി വാങ്ങിയ പെർമിറ്റ് ഉപയോഗിച്ചാണെന്നു തോന്നുന്നു. അടുത്ത വീട്ടുകാർക്ക് ആർക്കും പരാതിയുമില്ല" എന്നു മറുപടി കിട്ടി.
ഇവിടെയും സുഖം, അവിടേയും സുഖം പിന്നെ എനിക്കാണോ അസുഖം എന്നു പറഞ്ഞു കാർഡു കീറിയ പോസ്റ്റ്മാനെ പോലെ നമ്മളീ ചീട്ടും കീറിയതാണ്.
ഒരാഴ്ച മുൻപ്
വെടി പൊട്ടുമ്പോൾ വീട് കുലുങ്ങുന്നു എന്ന് ഒരു വീട്ടുടമസ്ഥ പിറുപിറുത്തു കേട്ടപ്പോൾ ഇന്നത്തെ നടത്തം പാറ കരയുന്നിടത്തേക്കായി.ക്യാമറ കണ്ണുചിമ്മിയപ്പോൾ കിട്ടിയ കാഴ്ചയാണ്. 15 വീടുവെച്ചാലും ബാക്കി വരുന്ന ത്ര കരിങ്കല്ല് ഉണ്ട്. JCB ഞായറാഴ്ച മയക്കത്തിലാണ്. മുളങ്കാടുകൾക്കപ്പുറത്ത് തൊട്ടടുത്ത പാറക്കൂട്ടം സൈറ്റ് വൃത്തിയാക്കി വെച്ചിട്ടുണ്ട്. മുകളിലോട്ടു വികസിപ്പിക്കാൻ താൽക്കാലിക റോഡു വെട്ടിയിട്ടുണ്ട്. മെയിൻ റോഡിനു കുറുക്കുവഴിയായി ചാലിനു തടയണയും ചപ്പാത്തും സ്വകാര്യമായി ഒരുക്കുന്നുണ്ട്.ചുറ്റുവട്ടത്തെ സ്ഥലം സെന്റിന് 1 ലക്ഷം നിരക്കിൽ വില പറഞ്ഞു വാങ്ങിക്കൂട്ടുകയാണ് എന്ന വിവരവും കിട്ടി. ഇതൊന്നുമറിയാത്ത / അറിഞ്ഞില്ലെന്ന് ഭാവിക്കുന്ന ആലക്കോട് ഗ്രാമപഞ്ചായത്ത് അധികൃതരെ അഭിനന്ദിക്കണം. ഒരു പാവത്തിന് വീടുവെക്കാനും കുറേ പാവങ്ങൾക്ക് സ്ഥലത്തിന് നല്ല വില കിട്ടാനും അതിബുദ്ധിയുള്ള ചില സുഹൃത്തുക്കൾക്ക് കോടികൾ കൊയ്യാനും അവസരമൊരുക്കുന്നതിന്ന്. ഇക്കരക്കുന്നിൽ 200 മീ അകലെയുള്ള എനക്കെന്തിന്റെ പിരാന്താണ് ?
ഈ പാറക്കൂട്ടം അതിനോട് ചേർന്നുള്ള മുളങ്കാടുകൾ എല്ലാം ഉടൻ തീരും. റബർ മരങ്ങൾ വെച്ച് മറ്റ് മരങ്ങളും ചെടികളും ഇതിനകം തന്നെ ശരിയാക്കിയിട്ടുണ്ട്. ചോലയുടെ മറുഭാഗത്ത് വില്ലകൾ പണിയാനായി പച്ചപ്പ് ഒടുക്കുകയും മേൽമണ്ണു നീക്കുകയും ചെയ്തു.മറുഭാഗത്ത് ക്വാറി വ്യാപിച്ചു വരളാ നും തുടങ്ങും. തൊട്ടു താഴെയുള്ള ചോലയിലെ വറ്റാത്ത വെള്ളം ഇനി അധികകാലമില്ല.പാറ തുരന്നുണ്ടാകുന്ന വൻതുരങ്കങ്ങളിൽ കാലവർഷം ഉറവയായി നിറയുമ്പോൾ ഒരു ദിനം നരിയമ്പാറ മലയും ഇടിഞ്ഞേക്കാം. അന്ന് ഈ ഞാനുണ്ടാകണമെന്നില്ല.
മറു ചോദ്യങ്ങളുണ്ടാകും. നിങ്ങടെ വീട്ടുമുറ്റം ടൈലിട്ടതല്ലേ, ചുമരിൽ കരിങ്കല്ലല്ലേ, നിങ്ങടെ കാര്യം കഴിഞ്ഞപ്പോഴല്ലേ പരിസ്ഥിതി പ്രേമം ?
ചെലവു കുറഞ്ഞ വീട് മതിയായിരുന്നു എനിക്കും.കോസ്റ്റ് ഫോർ ഡിനോട് അപേക്ഷിച്ചതുമാണ്.വീടു വെക്കേണ്ടത് മലയോരത്താണ് എന്നു പറഞ്ഞത് കേട്ടപ്പോഴേ അവർ പിൻവലിഞ്ഞു. അപ്പോൾ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് ഞാനങ്ങു പണിതു. സോറി.
എന്ന് വെച്ച് കൺമുന്നിൽ തെറ്റ് കാണുമ്പോൾ മിണ്ടാതിരിക്കണോ? അംഗീകൃത ക്വാറി യാണെങ്കിൽ അതു പഞ്ചായത്ത് പറയട്ടെ. അനധികൃതമാണെങ്കിൽ അംഗീകാരം കിട്ടുന്നതു വരെ പണി നിർത്തിവെക്കട്ടെ.
******
ഒരാഴ്ച കഴിഞ്ഞു . പണി നിർത്തി വെക്കാനുള്ള ഭാവമില്ല .യന്ത്രങ്ങൾ അക്കരക്കുന്നു തുറന്നു കൊണ്ടിരിക്കുന്ന മുരൾച്ചയാണ് പകൽ മുഴുവൻ . പാറക്കല്ലും കൊണ്ട് ടിപ്പറുകൾ പറക്കുന്നു .രാവിലെ 11 മണിയോടെ ഞാൻ റൂമിലിരിക്കുമ്പോൾ മെയിൻ ഡോർ അടഞ്ഞു കിടന്നു .വായിച്ചു കൊണ്ടിരിക്കെ ദൂരെ ഒരു സ്ഫോടനം കേട്ടു .തൊട്ടടുത്ത നിമിഷം മെയിൻ ഡോർ വിറക്കാൻ തുടങ്ങി .ഒരു 10 സെക്കന്റ് നേരം വിറച്ചു കാണും .ആഴത്തിലുള്ള സ്ഫോടനമാണല്ലോ എന്ന് വിചാരിക്കുകയും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് നിശ്ചയിക്കുകയും ചെയ്തു .പിന്നെ 24 മണിക്കൂറിനുള്ളിൽ സംഗതികൾ ഒരു തീരുമാനമായി .നേരിട്ട് പോലീസിനെ വിളിക്കേണ്ടി വന്നില്ല എന്ന സമാധാനമുണ്ട് .പതിവ് പോലെ ഇത്തവണയും തൊഴിലാളികൾ ആണ് അറസ്റ്റു ചെയ്യപ്പെട്ടത് . വിരുതന്മാർ സമ്പത്തിന്റെ ബലത്തിൽ ഇനിയും പുറത്തിറങ്ങും . കുറച്ചു കഴിയുന്പോൾ തുരപ്പും വെടിയും കടത്തും വീണ്ടും തുടങ്ങും .ഒരു നിരന്തര പോരാട്ടം വേണ്ടി വരും .
ഒന്നുകിൽ വീടും സ്ഥലവും വിട്ടു പോവുക ; അല്ലെങ്കിൽ ക്വാറി മാഫിയയുമായി നിരന്തര പോരാട്ടം തുടങ്ങുക . ഇതേയുള്ളു ചെയ്യാൻ .