കോട്ടയം സാക്ഷരതയുടെ നാടാണ് . അതിന്റെ മേന്മ ആളുകളുടെ ഇടപെടലുകളിലും ഗൃഹപരിപാലനത്തിലെ ശുചിത്വ നിലവാരത്തിലും തെളിഞ്ഞു കാണാം .പ്ലാസ്റ്റിക് സംസ്കരണത്തിൽ മാത്രം കോട്ടയംമുനിസിപ്പാലിറ്റി ശ്രദ്ധ കുറച്ചതു എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല .റോഡരികുകളിലും ഓടകളിലും പ്ലാസ്റ്റിക് നിക്ഷേപങ്ങൾ അവിടവിടെ കാണാം .പ്ലാസ്റ്റിക് സഞ്ചികളിലാണ് ആളുകൾ സാധനങ്ങൾ കൊടുക്കുന്നതും കൊണ്ടുപോകുന്നതും .വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ ഒരു സംവിധാനവുമില്ല .വീട്ടമ്മമാർ പൊതുവെ പ്ലാസ്റ്റിക്കുകൾ കത്തിച്ചു ഒഴിവാക്കുകയാണ് ഇപ്പോഴും പതിവായി ചെയ്യുന്നത് .മഹാമാരിയിൽ നിന്നും അതിജീവിക്കാൻ പാടു പെടുന്ന സമയത്തു ഇതിനൊക്കെ ഭരണാധികാരികളിൽ നിന്നും ഒരു പരിഹാരം പ്രതീക്ഷിക്കുകയും വേണ്ട .നമ്മൾ നാട്ടുകാർ തന്നെയാണ് ഇനി ശ്രദ്ധിക്കേണ്ടത് .
കഴിഞ്ഞ വർഷം കണ്ണൂരിൽ വെച്ച് ഞാൻ ഒരു സന്നദ്ധ സംഘത്തോടൊപ്പം , തുലാമഴയിൽ നനഞ്ഞൊലിക്കുന്ന ഒരു വീട് റിപ്പയർ ചെയ്യുന്ന ശ്രമദാനത്തിൽ പങ്കെടുത്തു .ഓടിട്ടതിനുമപ്പുറം തള്ളി നിൽക്കുന്ന ഒരു കഴുക്കോൽ നനയാതിരിക്കാൻ കെട്ടി വെക്കാൻ ഒരു പ്ലാസ്റ്റിക് സഞ്ചി ചോദിച്ചപ്പോൾ ആ വീട്ടുകാർ പറയുകയാണ് ,ഇവിടെ ഒറ്റ പ്ലാസ്റ്റിക് സഞ്ചിയില്ല !.
വലിയ സന്തോഷം തോന്നി .പക്ഷെ അത് നീണ്ടു നിന്നില്ല .കാരണം തുടർന്ന് ആ വീട്ടുകാരി പറയുകയാണ് -അതൊക്കെ ഞങ്ങൾ ദിവസവും അടുപ്പിൽ കത്തിക്കും .
പല യിടത്തും ഇതാണ് ഇപ്പോഴും അവസ്ഥ .
പ്ലാസ്റ്റിക്ക് കത്തിക്കുകയോ ? മറുപടിയായി വീട്ടമ്മമാരുടെ ചോദ്യങ്ങൾ ഇതൊക്കെയാണ് .
കത്തിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക ?
മുനിസിപ്പാലിറ്റിയിൽ നിന്ന് ആരും വരുന്നി ല്ലല്ലോ ?
ഇനി വലിയ ബാഗുകളും കുപ്പികളും ഒക്കെ ആർക്കെങ്കിലും കൊടുത്താലും ,പൊടി പ്ലാസ്റ്റിക്കുകൾ എന്തു ചെയ്യും ?
വീടുകളിൽ ബാക്കിയാവുന്ന സാനിറ്ററി നാപ്കിൻ എന്തു ചെയ്യും ?
ഇതിനൊക്കെ ഉത്തരമുണ്ട് .അതാതു തദ്ദേശ ഭരണ സംവിധാനങ്ങൾ വിചാരിച്ചാൽ ഇതിനൊക്കെ പരിഹാരം കണ്ടെത്താൻ കഴിയും .
ആദ്യം ഒരു കാര്യം എല്ലാവരും ഓർമിക്കണം-
പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .കത്തിച്ചാൽ ദോഷം വീട്ടമ്മമാർക്ക് മാത്രമല്ല വരും തലമുറയിലേക്കും നീളും .പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിൻ ,ഫ്യൂറാൻ വാതകങ്ങൾ വിഷവാതകങ്ങളാണ് . .ഡയോക്സിൻ ,ഫ്യൂറാൻ 1 .എന്നിവ കാൻസർ വളർച്ചകൾക്കു കാരണമാകാം
2 .അവ ഓസോൺ അടുക്കിനെ നശിപ്പിക്കുന്നു .3 .ഈ വിഷവാതകങ്ങൾ ശ്വസിക്കുന്നത് ഹൃ ദയ രോഗങ്ങൾക്ക് കാരണമാകും .
4 .ശ്വാസ കോശ രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടും .
5 .തലചുറ്റൽ ,തലവേദന ,ചർമ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കൂട്ടും .
6 .നാഡീറ്വ്യൂഹത്തെ തകരാറിലാക്കും .
7 .വൃക്ക ,കരൾ രോഗങ്ങൾക്കു സാധ്യത കൂടും .
8 .പ്രത്യുൽപാദന വ്യവസ്ഥ ,എൻസൈമുകളുടെ ഉല്പാദനം ,ശരീര വളർച്ച എന്നിവയെയും ബാധിക്കും .ഈ പ്രശ്ന ങ്ങൾ നിരവധി തലമുറകളിലേക്കു പകരും .
9 .മണ്ണിൽ കലർന്ന ഈ വിഷ സംയുക്തങ്ങൾ ഭക്ഷ്യ വിഷ മായി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ബാധിക്കും .
അത് കൊണ്ട് ഒരു കാരണവശാലും പ്ലാസ്റ്റിക് കത്തിക്കരുത് .അത് കൃത്യമായി കഴുകി ഉണക്കി ഹരിത കർമ്മ സേനക്ക് കൈമാറുക .അതിന്റെ ചിലവിനു ആവശ്യപെടുന്ന വിഹിതവും കൊടുക്കുക .ഈ പ്രവർത്തനം ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെ വീട്ടിലും നടക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഉള്ള നിരീക്ഷണ സംവിധാനം അയൽപക്ക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഉണ്ടാകണം .കടുംബശ്രീ ,റസിഡൻസ് അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാൻ പറ്റും .വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ ,മാലിന്യ സംസ്കരണത്തിൽ നിലപാടും നിർബന്ധവുമുള്ള ആളുകളെ മാത്രമേ ജനപ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെടാൻ ഇടവരുത്തുകയുള്ളൂ എന്ന് ഓരോ പൗരനും മനസ്സിരുത്തണം .-CKR 10 10 2020
No comments:
Post a Comment