Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Wednesday, September 22, 2021

ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പ്രതീക്ഷയോടെ

 ഗ്ലാസ്‌ഗോ  കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പ്രതീക്ഷയോടെ :   




പ്രകൃതിയും ശാസ്ത്രലോകവും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളും നയരൂപവത്‌കരണ വിദഗ്‌ധരും കാലാവസ്ഥാ ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും അടങ്ങുന്ന ആഗോളസമൂഹം ബ്രിട്ടനിലെ ഗ്ലാസ്‌ഗോവിൽ ഇത്തവണ ഒത്തുചേരുന്നത്. ലോകത്തിന്റെ ഭാവിയിൽ ആശങ്കയുള്ളവരെല്ലാം ഈ വർഷം നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. 2021 ഒക്ടോബർ 31 മുതൽ നവംബർ 12 വരെ, ഇറ്റലിയുടെകൂടി സഹകരണത്തോടെ, ബ്രിട്ടൻ ആതിഥേയത്വം വഹിക്കുന്ന ‘cops 26’ (കോൺഫറൻസ് ഓഫ് പാർട്ടീസ് 26) പല കാരണങ്ങൾകൊണ്ടും സുപ്രധാനമാണ്. ആഗോള കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി IPCC പുറത്തിറക്കിയ ആറാം വിലയിരുത്തൽ റിപ്പോർട്ട് മനുഷ്യഭാവിയെ സംബന്ധിച്ച പല ഗൗരവമായ മുന്നറിയിപ്പുകളും നൽകുന്നുണ്ട്.


അലംഭാവം എവിടെയെത്തിക്കും


കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിൽ ലോകരാഷ്ട്രങ്ങളുടെ അലംഭാവപൂർണമായ സമീപനം ഗുരുതരമായ സാഹചര്യങ്ങളിലേക്ക് ആഗോളസമൂഹത്തെ എത്തിക്കുമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു.


പാരീസ് ഉടമ്പടിലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ ലോകം അപകടകരമായ പാതയിലാണ്; അതുകൊണ്ടുതന്നെ അപകടസാധ്യത കൂടിക്കൊണ്ടിരിക്കുന്നു; അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരും ദശകങ്ങളിൽ ആഘാതം വിനാശകരമായിരിക്കും തുടങ്ങിയ മൂന്ന് നിർണായക കാര്യങ്ങളാണ് ഇതിൽ പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.


2010-നെ അപേക്ഷിച്ച് 2030-ഓടെ കാർബൺ പുറന്തള്ളലിൽ ഒരു ശതമാനം കുറവുസംഭവിക്കുമെന്ന് ദേശീയ നിർണീത സംഭാവനകൾ (നാഷണലി ഡിറ്റെർമിൻഡ് കോൺട്രിബ്യൂഷൻസ് എൻ.ഡി.സി) സൂചിപ്പിക്കുന്നു.


അതേസമയം കാർബൺ ഉദ്‌വമന നിരക്ക് കുറഞ്ഞ സാങ്കേതികവിദ്യകളുടെ വിന്യാസം, നിക്ഷേപം എന്നിവ സംബന്ധിച്ച നിലവിലെ പ്രവണത അതേപടി തുടരുകയാണെങ്കിൽ നൂറ്റാണ്ടിന്റെ അവസാനത്തോടെ 2.7 ഡിഗ്രി താപവർധന സാധ്യതയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ താപവ്യതിയാനത്തിൽ 3.5 ഡിഗ്രി ഉയർച്ച സംഭവിക്കാനുള്ള സാധ്യത പത്തു ശതമാനം അധികമാണെന്നും വിലയിരുത്തപ്പെടുന്നു. ഈ സാധ്യതകളൊക്കെയും രാഷ്ട്രങ്ങൾ സ്വയം പ്രഖ്യാപിച്ച കാർബൺ കുറയ്ക്കൽ നയം അതേപടി പിന്തുടരുന്നെങ്കിൽ മാത്രമാണ്. അതിൽ വീഴ്ച വരുത്തിയാലുള്ള പ്രത്യാഘാതങ്ങൾ വിവരണാതീതമായിരിക്കും. നിലവിൽ രാഷ്ട്രങ്ങളുടെ നിർണീത സംഭാവനകൾ സംബന്ധിച്ച ഗതിവിഗതികൾ അതേപടി പിന്തുടർന്നാൽ തന്നെയും പാരീസ് ഉടമ്പടി അനുസരിച്ചുള്ള 1.5 ഡിഗ്രി എന്ന ലക്ഷ്യത്തിലെത്താനുള്ള സാധ്യത ഒരുശതമാനം മാത്രമാണ്‌.


താപവ്യതിയാനത്തിന്റെ ആഘാതങ്ങൾ


താപവ്യതിയാനത്തിലെ വർധന 2019-ൽ മാത്രം ലോകത്തൊട്ടാകെ 300 ബില്യൺ തൊഴിൽ മണിക്കൂറുകൾ നഷ്ടമാക്കിയെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 2000-ത്തിനെക്കാൾ 52 ശതമാനം അധികമാണ് തൊഴിൽമേഖലയിൽ സംഭവിച്ച ഈ നഷ്ടം. അതിതീവ്ര ചൂട് കാരണമുള്ള മരണം കഴിഞ്ഞ രണ്ട് ദശകത്തിൽ 54 ശതമാനമായി വർധിക്കുകയുണ്ടായി. 2018 ൽമാത്രം ആഗോളതലത്തിൽ 2,96,000 മരണമാണ് ഇത്തരത്തിൽ ഉണ്ടായിട്ടുള്ളത്. ഇതേവർഷം ഇന്ത്യയിൽമാത്രം 31,000 മരണമാണ് ചൂട് തരംഗങ്ങൾകാരണം സംഭവിച്ചത്. താപനിലയിലെ വർധന തുടരുകയാണെങ്കിൽ 2040 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയിൽ പാതിയോളം താപതീവ്രതയുടെ ഇരകളായിരിക്കുമെന്നും പ്രതിവർഷ മരണനിരക്ക് ഒരു കോടിയോളം വരുമെന്നും കണക്കാക്കപ്പെടുന്നു.


ഭക്ഷ്യ-ജല സുരക്ഷ


വരൾച്ച, വെള്ളപ്പൊക്കം എന്നിവകാരണം ഈയടുത്തകാലത്തുമാത്രം നഷ്ടമായ കാർഷികവിളകളുടെ അളവ് 20 മുതൽ 50 ശതമാനം വരെയാകാമെന്ന് കണക്കാക്കിയിരിക്കുന്നു. പ്രാദേശികമായുണ്ടാകുന്ന താപവ്യതിയാനങ്ങൾക്കും വെള്ളപ്പൊക്ക തീവ്രതയ്ക്കും അനുസരിച്ച് വിളനാശത്തിൽ വ്യത്യാസമുണ്ടായിരിക്കും. ഭാവിയിലെ ജനങ്ങളെ അടക്കം തീറ്റിപ്പോറ്റുന്നതിനായി 2050 ആകുമ്പോഴേക്കും ആഗോള ഭക്ഷ്യോത്പാദനത്തിൽ 50 ശതമാനത്തിലധികം വർധന വേണ്ടിവരും. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നില്ലായെങ്കിൽ കാർഷികോത്പാദനത്തിൽ 30 ശതമാനം ഇടിവ് സംഭവിക്കും.കലോറി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന ഭക്ഷ്യവിളകൾ നെല്ലും ഗോതമ്പുമാണ്. ആഗോളതലത്തിൽ കാർഷികഭൂമിയുടെ 35 ശതമാനവും ഈ രണ്ടുവിളകളും കൃഷി ചെയ്യുന്നതിനാണ് നീക്കിവെച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഏഷ്യൻ രാജ്യങ്ങളിലെ നെല്ല്, ഗോതമ്പ് വിളകളെ വലിയതോതിൽ ബാധിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.


ഭക്ഷ്യസുരക്ഷയെ എന്നപോലെ ജലസുരക്ഷയുടെ കാര്യത്തിലും വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. വർഷങ്ങൾ കഴിയുന്തോറും വരൾച്ചദിനങ്ങളുടെ എണ്ണം വർധിക്കുന്നു. 2040 ആകുമ്പോഴും അതിതീവ്ര വരൾച്ചാ പ്രതിഭാസം ആറുമാസം വരെ നീളും. അതിവൃഷ്ടി, പ്രളയം തുടങ്ങിയ പ്രാകൃതിക സംഭവങ്ങളുടെ എണ്ണത്തിൽ 23 ശതമാനം വർധനയാണ് 2020 ൽമാത്രം സംഭവിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മരണനിരക്കിലും 18 ശതമാനം വർധനയുണ്ടായി.


പ്രതിജ്ഞകൾമാത്രം മതിയാകില്ല


കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാമെന്ന ചിന്തയിൽ കാർബൺ ബഹിർഗമനത്തെ സംബന്ധിച്ചുള്ള നെറ്റ് സീറോ പ്രതിജ്ഞകൾ പ്രഖ്യാപിക്കുന്നതിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. എന്നാൽ ഈ പ്രതിജ്ഞകൾ നിറവേറ്റാനാവശ്യമായ നയപരമായ വ്യക്തതയോ അവ നടപ്പാക്കുന്നതിനുള്ള പ്രായോഗിക കർമപദ്ധതികളോ ഒന്നുംതന്നെ രാഷ്ട്രങ്ങളുടെ മുന്നിലില്ല എന്നത് ആഗോള കാർബൺ ബജറ്റും ലക്ഷ്യങ്ങളും തമ്മിലുള്ള വിടവ് ഓരോ വർഷവും വർധിക്കുന്നതിന് ഇടനൽകുന്നു. വർധിച്ചുവരുന്ന ഈയൊരു വിടവ്, ആരോഗ്യ പ്രശ്നം, ഭക്ഷ്യ-ജല സുരക്ഷ ഇവയൊക്കെച്ചേർന്ന് ഉടലെടുക്കുന്ന ഉത്പാദനഷ്ടം, സാമ്പത്തിക തകർച്ച എന്നിവയിലേക്ക് ആഗോളസമൂഹത്തെ കൊണ്ടുചെന്നെത്തിക്കും. കാലാവസ്ഥാ പ്രതിസന്ധിയെ മറികടക്കാൻ നയപരമായ തീരുമാനങ്ങളും പ്രായോഗിക കർമപദ്ധതികളുമാണ് ആവിഷ്കരിക്കേണ്ടത്. രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ അതിലേക്ക് നയിക്കുന്നതിന് ശക്തമായ ജനകീയ സമ്മർദങ്ങൾ ഉയരേണ്ടതും അത്യാവശ്യമാണ്.



( by കെ  സഹദേവൻ <സൗത്ത്‌ ഏഷ്യൻ പീപ്പിൾസ്‌ ആക്‌ഷൻ ഓൺ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ നാഷണൽ വർക്കിങ്‌ കമ്മിറ്റിയംഗമാണ്‌ ലേഖകൻ)


from the mathrubhumi

No comments:

Post a Comment